ദോശയും ഇഡ്ഡലിയും മലയാളികളുടെ പ്രഭാതഭക്ഷണത്തിലെ പ്രധാന വിഭവങ്ങളാണ്. എന്നാൽ ഒരേ മാവ് ഉപയോഗിച്ചിട്ടും ചിലപ്പോൾ ഇഡ്ഡലി കട്ടിയാകുകയോ ദോശ ശരിയായി ക്രിസ്പിയാകാതിരിക്കുകയോ ചെയ്യാറുണ്ട്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കി ഒരേ മാവിൽ തന്നെ സോഫ്റ്റ് ഇഡ്ഡലിയും നല്ല ദോശയും തയ്യാറാക്കാൻ സഹായിക്കുന്ന ലളിതമായ അളവുകളും രീതിയും പരിചയപ്പെടാം.
ബാറ്റർ തയ്യാറാക്കാനായി ഒരു കപ്പ് ഇഡ്ഡലി അരി, മുക്കാൽ കപ്പ് ഉഴുന്ന്, അര കപ്പ് പുഴുങ്ങല്ലരി, കാൽ കപ്പ് വേവിച്ച ചോറ്, ഒരു ടീസ്പൂൺ ഉലുവ എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് ഏകദേശം നാല് മണിക്കൂർ കുതിർത്ത് വയ്ക്കുക. ചോറ് അരിയോടൊപ്പം തന്നെ കുതിർത്ത് വയ്ക്കുന്നത് അരി നന്നായി മയങ്ങാനും പിന്നീട് അരയ്ക്കുമ്പോൾ മാവ് കൂടുതൽ സോഫ്റ്റാകാനും സഹായിക്കും.
കുതിർന്ന ചേരുവകൾ രണ്ട് ബാച്ചുകളായി ഒട്ടും തരികൾ ഇല്ലാതെ നന്നായി അരച്ചെടുക്കുക. തുടർന്ന് മാവ് പൊങ്ങി വരാനുള്ള സൗകര്യമുള്ള ഒരു പാത്രത്തിലേക്ക് ഒഴിച്ച്, ഏകദേശം ആറ് മണിക്കൂർ ഫെർമെന്റ് ചെയ്യാൻ (പുളിക്കാൻ) വെക്കുക. കാലാവസ്ഥ അനുസരിച്ച് ഫെർമെന്റേഷൻ സമയം മാറാൻ സാധ്യതയുള്ളതിനാൽ മാവ് നന്നായി പൊങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ഫെർമെന്റേഷൻ കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് മാവിന്റെ കൺസിസ്റ്റൻസി ക്രമീകരിക്കാം. അല്പം കട്ടിയുള്ള മാവ് ഇഡ്ഡലിക്ക് അനുയോജ്യമായപ്പോൾ, ആവശ്യത്തിന് വെള്ളം ചേർത്ത് ദോശയ്ക്കായി മാവ് കുറച്ച് നേർത്തതാക്കാം. ഈ ലളിതമായ അളവുകളും രീതിയും പിന്തുടർന്നാൽ നല്ല സോഫ്റ്റ് ഇഡ്ഡലിയും രുചികരമായ ദോശയും ഒരേ മാവിൽ തന്നെ തയ്യാറാക്കാൻ കഴിയും. credit : Anithas Tastycorner