പച്ചമാങ്ങയുടെ സീസൺ എത്തുമ്പോൾ കടുമാങ്ങ, വെട്ടുമാങ്ങ, ഉപ്പുമാങ്ങ എന്നിവ തയ്യാറാക്കി സൂക്ഷിക്കുന്നത് മലയാളികളുടെ പഴയകാല ശീലങ്ങളിലൊന്നാണ്. എന്നാൽ പലപ്പോഴും ഉപ്പുമാങ്ങ ഉണ്ടാക്കിയിട്ട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പൂപ്പൽ വന്ന് കേടാകുന്നതാണ് പലരുടെയും പ്രധാന പരാതി. ശരിയായ രീതിയിൽ തയ്യാറാക്കി സൂക്ഷിച്ചാൽ ഉപ്പുമാങ്ങ വളരെക്കാലം രുചിയും ഗുണവും നഷ്ടപ്പെടാതെ ഉപയോഗിക്കാനാകും. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ഉപ്പുമാങ്ങ തയ്യാറാക്കാനായി അത്യാവശ്യം വലിപ്പമുള്ളതും ഞെട്ടോടുകൂടിയതുമായ മാങ്ങകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മാങ്ങയുടെ ഞെട്ട് മാത്രം സൂക്ഷിച്ച് അടർത്തിയെടുത്ത ശേഷം മാങ്ങ നന്നായി കഴുകി തുടച്ച് വൃത്തിയാക്കുക. തുടർന്ന് ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് തിളപ്പിച്ച് അതിലേക്ക് മാങ്ങ ഇട്ടുകൊടുക്കണം. മാങ്ങയുടെ നിറത്തിൽ ചെറിയ മാറ്റം കാണുമ്പോൾ തീ ഓഫ് ചെയ്ത് വെള്ളത്തിൽ നിന്നും എടുത്ത് മാറ്റാം. ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് മാങ്ങയിലെ വെള്ളം മുഴുവൻ തുടച്ചുമാറ്റണം.
അടുത്തതായി മറ്റൊരു പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിച്ച ശേഷം അതിലേക്ക് രണ്ട് കപ്പ് കല്ലുപ്പ് ചേർത്ത് നന്നായി കലക്കുക. ഈ ഉപ്പുവെള്ളം തിളച്ച് തയ്യാറായാൽ തീ ഓഫ് ചെയ്ത് പൂർണമായി തണുക്കാൻ അനുവദിക്കണം. ഉപ്പുമാങ്ങ സൂക്ഷിക്കാനുള്ള ഭരണിയോ ചില്ല് കുപ്പിയോ നന്നായി കഴുകി വെയിലത്ത് ഉണക്കിയ ശേഷം അതിലേക്ക് മാങ്ങ നിരത്തി വയ്ക്കുക. അതിനുമുകളിൽ തണുത്ത ഉപ്പുവെള്ളം ഒഴിച്ചുകൊടുക്കണം.
അവസാനമായി ഒരു വൃത്തിയുള്ള തുണിയിൽ ഒരുപിടി ഉലുവ എടുത്ത് കിഴികെട്ടി ഉപ്പുവെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. ഈ ചെറിയ സൂത്രം ഉപ്പുമാങ്ങയിൽ പൂപ്പൽ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇങ്ങനെ തയ്യാറാക്കി എയർടൈറ്റ് ആയി സൂക്ഷിച്ചാൽ ഉപ്പുമാങ്ങ വളരെക്കാലം കേടുകൂടാതെ ഉപയോഗിക്കാനാകും. വീട്ടിൽ ഉപ്പുമാങ്ങ തയ്യാറാക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു എളുപ്പ രീതിയാണിത്. credit : Anithas Tastycorner