Easy Coconut Oil Making : നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ തേങ്ങ. തെങ്ങ് ധാരാളമായി ഉള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തേങ്ങ പൊളിക്കുമ്പോൾ ആയിരിക്കും അവയിൽ കൂടുതലും കേടായി പോയിട്ടുള്ള കാര്യം തിരിച്ചറിയുക. അത്തരം തേങ്ങകൾ ഒഴിവാക്കി നല്ല തേങ്ങ മാത്രം ഉപയോഗിച്ചായിരിക്കും
വെളിച്ചെണ്ണ ആട്ടാനുള്ള കൊപ്ര ഉണ്ടാക്കിയെടുക്കുന്നത്. അതേസമയം ഇത്തരത്തിൽ കേടായ തേങ്ങകൾ വെറുതെ കളയേണ്ട ആവശ്യമില്ല. അത് ഉപയോഗിച്ച് ശരീരത്തിലും മുടിയിലുമെല്ലാം പുരട്ടാൻ ആവശ്യമായ ഉരുക്ക് വെളിച്ചെണ്ണ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പൊളിച്ചടുത്ത തേങ്ങയുടെ ഉള്ളിൽ നിന്നും കാമ്പ് മാത്രമായി പുറത്തെടുക്കുക. തേങ്ങയുടെ മുകൾഭാഗത്തായി പറ്റി പിടിച്ചിട്ടുള്ള കേട് ഭാഗങ്ങളെല്ലാം
ഒരു കത്തി ഉപയോഗിച്ച് നല്ല രീതിയിൽ ചുരണ്ടി കളയണം. ശേഷം തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് കുക്കറിലേക്ക് ഇട്ട് മുകളിൽ അല്പം കല്ലുപ്പ് കൂടി വിതറി കൊടുക്കുക. ഈയൊരു കൂട്ടിലേക്ക് ഇളം ചൂടുള്ള വെള്ളം കൂടി ഒഴിച്ച ശേഷം കുക്കർ അടച്ചുവെച്ച് മൂന്നു മുതൽ നാലു വിസിലടിപ്പിച്ച് എടുക്കുക. കുക്കറിന്റെ ചൂട് പൂർണമായും പോയ ശേഷം തേങ്ങ മറ്റൊരു പാത്രത്തിലേക്ക് ഇട്ട് പൈപ്പ് വെള്ളത്തിൽ നല്ല രീതിയിൽ കഴുകിയെടുക്കുക. ശേഷം തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.
ഈയൊരു സമയത്ത് അല്പം വെള്ളം കൂടി തേങ്ങയോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ മുഴുവൻ തേങ്ങയും ചെയ്തെടുത്ത ശേഷം ഒരു തുണിയിലേക്ക് അത് ഇട്ടു കൊടുക്കുക. തേങ്ങയിൽ നിന്നും പാല് മാത്രമായി പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് എടുക്കുക. ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കണം. പിറ്റേദിവസം പാത്രത്തിന് മുകളിൽ ഊറിയ വെള്ളം പൂർണമായും കളഞ്ഞ ശേഷം പാലിന്റെ ഭാഗം മാത്രമായി ചൂടാക്കി ഉരുക്ക് വെളിച്ചെണ്ണയായി അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Kunjol thathas World