മല്ലിയില മലയാളികളുടെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണ്. കറികൾക്കും ചമ്മന്തികൾക്കും സലാഡുകൾക്കും പ്രത്യേക മണവും രുചിയും നൽകുന്ന മല്ലിയില ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ്. എന്നാൽ വാങ്ങിയ ശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് വാടിപ്പോകുന്നത് പലർക്കും നേരിടേണ്ടി വരുന്ന പ്രശ്നമാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മല്ലിയിലയുടെ പുതുമയും മണവും കൂടുതൽ നാൾ നിലനിർത്താൻ സാധിക്കും.
ആദ്യം മല്ലിയില നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലെ വെള്ളം പൂർണമായും തുടച്ചുമാറ്റണം. ശേഷം ഒരു ഗ്ലാസ് ജാറിൽ കുറച്ച് വെള്ളമെടുത്ത് മല്ലിയിലയുടെ വേരുകൾ മാത്രം വെള്ളത്തിൽ മുക്കി നിർത്തുക. മുകളിൽ ഒരു പ്ലാസ്റ്റിക് കവർ ഇട്ട് മൂടിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ രീതിയിൽ സൂക്ഷിക്കുമ്പോൾ മല്ലിയില കൂടുതൽ ദിവസം ഫ്രഷ് ആയി നിലനിൽക്കും. വെള്ളം രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ മാറ്റുന്നതും നല്ലതാണ്.
മറ്റൊരു മാർഗമായി, കഴുകി ഉണക്കിയ മല്ലിയില ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് എയർടൈറ്റ് കണ്ടെയ്നറിൽ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ടിഷ്യൂ അധിക നനവ് വലിച്ചെടുക്കുന്നതിനാൽ ഇലകൾ പെട്ടെന്ന് വാടുകയോ കേടാകുകയോ ചെയ്യില്ല. ദിവസേന ചെറിയ അളവിൽ ഉപയോഗിക്കുന്നവർക്ക് ഈ രീതി വളരെ സൗകര്യപ്രദമാണ്.
ദീർഘകാലം സൂക്ഷിക്കണമെങ്കിൽ മല്ലിയില കഴുകി ഉണക്കിയ ശേഷം പ്ലാസ്റ്റിക് കവറിലോ ഫ്രീസർ ബാഗിലോ നിറച്ച് ഫ്രീസറിൽ വെക്കാം. ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാനും എളുപ്പമാണ്. ഈ രീതികൾ പിന്തുടർന്നാൽ മല്ലിയിലയുടെ രുചിയും മണവും കൂടുതൽ നാൾ നിലനിർത്താനും ഭക്ഷണത്തിൽ എപ്പോഴും ഫ്രഷ് മല്ലിയില ഉപയോഗിക്കാനുമാകും. credit : Lekshmi’s Flavor Tips