ഞങ്ങളെത്തും മുൻപേ എത്തി.. ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു! മോഹൻലാലിനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ റഹ്‌മാന്‍.!! | Rahman about Mohanlal | Rahman Daughter wedding

മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടനാണ് റഹ്മാൻ. എൺപതുകളിലെ മലയാള സിനിമയുടെ നായക ഭാവമായിരുന്നു അല്ലെങ്കിൽ ഹരമായിരുന്നു നടൻ റഹ്മാൻ. കഴിഞ്ഞ ദിവസമായിരുന്നു റഹ്മാന്റെ മകൾ റുസ്ത റഹ്മാൻ വിവാഹിതയായത്. താരനിബിഢമായിരുന്നു താരപുത്രിയുടെ വിവാഹവും റിസെപ്ഷനുമെല്ലാം. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ

മീഡിയയിൽ വൈറലായിരുന്നു. അൽതാഫ് നവാബാണ് റുസ്തയെ സ്വന്തമാക്കിയിരിക്കുന്നത്. താരപുത്രിയുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ലാലേട്ടനും സുചിത്രയും തിളങ്ങി നിന്നിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തിൽ കുടുംബാംഗത്തെപ്പോലെ പങ്കെടുത്ത മോഹൻലാലിനും സുചിത്രയ്ക്കും നന്ദി പറഞ്ഞ് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ റഹ്‌മാന്‍.

കുറിപ്പിന്റെ പൂർണരൂപം : “എന്റെ പ്രിയപ്പെട്ട ലാലേട്ടന്… ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്… ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ,

എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ… കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം… അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും… എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച്… ആർടിപിസിആർ പരിശോധന നടത്തി… ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു.

സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി.. പ്രിയപ്പെട്ട ലാലേട്ടാ… സുചി… നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക? സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ… ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി…ഒരായിരം നന്ദി… സ്നേഹത്തോടെ,റഹ്മാൻ, മെഹ്റുന്നിസ.

Comments are closed.